Saturday, February 16, 2008

ടി.എന്‍ സീമ-സി.പി.എം സംസ്ഥാനകമ്മിറ്റിയിലെ ഗവ: പ്രതിനിധി..???!!!

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ എല്ലാ അര്‍ത്ഥത്തിലും സന്തോഷിക്കാനുള്ള വക നല്‍കുന്ന ഒരു സി.പി.എം സമ്മേളനം ആണ്‌ കഴിഞ്ഞു പോയത്‌. ഇത്രയും കാലം പാര്‍ട്ടി സെക്രട്ടറിയേറ്റാണ്‌ ഭരണപരമായ തീരുമാനങ്ങള്‍ എടുക്കുന്നത്‌ എന്ന പരാതി പറച്ചില്‍ ഇനി നിര്‍ത്താം..! പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നവരില്‍ ഒന്ന് ഇനി മുതല്‍ ഗസറ്റഡ്‌ റാങ്കിലുള്ള ഒരു ഗവണ്‍മന്റ്‌ ഉദ്യോഗസ്ഥയായിരിക്കും. പേര്‌ ടി.എന്‍ .സീമ. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ മലയാളം അദ്ധ്യാപികയാണ്‌, പി.കെ ശ്രീമതിയുടെ പിന്തുടര്‍ച്ചക്കാരിയായി ജനാധിപത്യ മഹിളാ അസ്സോസിയേഷന്റെ അമരത്തേക്കും ഇപ്പോള്‍ പാര്‍ട്ടി സംസ്ഥാനക്കമ്മിറ്റിയിലേക്ക്‌ തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത ഈ മാന്യ വനിത!

തീര്‍ച്ചയായും നാളെ നമ്മളെയൊക്കെ ഭരിക്കുന്ന ഒരു മന്ത്രിക്കൊച്ചമ്മയായി ആയമ്മ വളരും എന്നത്‌ തീര്‍ച്ചയാണ്‌. അതിനുള്ള എല്ലായോഗ്യതകളും അവര്‍ക്കുണ്ട്‌. ജനങ്ങളെ വഞ്ചിക്കാനുള്ള കഴിവാണല്ലോ ഒരു ജനപ്രതിനിധിയുടെ ഏറ്റവും പ്രധാന യോഗ്യത. ആ കഴിവ്‌ അക്ഷരാര്‍ത്ഥത്തില്‍ തെളിയിച്ചു കൊണ്ടാണ്‌ അവര്‍ പാര്‍ട്ടിയുടെ അമരക്കാരില്‍ ഒരാളാക്കുന്നത്‌. ഒരു ഗവ: കോളേജ്‌ ജീവനക്കാരി എന്ന നിലയില്‍ കേരള സര്‍വീസ്‌ റൂള്‍സ്‌ പാലിക്കേണ്ട ബാദ്ധ്യത അവര്‍ക്കുണ്ട്‌. ഈ റൂളുകള്‍ അനുസരിച്ച്‌ ഗവണ്‍മന്റ്‌ ഉദ്യോഗത്തിലിരിക്കുന്ന ഒരു വ്യക്തി ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗം ആയിരിക്കാന്‍ പാടില്ല. നിഷ്പക്ഷമായ പ്രവര്‍ത്തനം ഉറപ്പു വരുത്താനാണ്‌ ഈ നിയമം.

ഇടതു പക്ഷ - വലതു പക്ഷ 'അനുഭാവ' തൊഴിലാളി സംഘടനകള്‍ ഉണ്ടാക്കി മയത്തില്‍ ഈ നിഷ്പക്ഷത കളഞ്ഞു കുളിക്കുകയും, തങ്ങളുടെ മേലുള്ള ആധിപത്യം പാര്‍ട്ടിക്കാര്‍ക്ക്‌ അടിയറ വച്ച്‌ ആത്മനിര്‍വൃതി അടയുകയും ചെയ്തവരാണ്‌ ഗവണ്‍മന്റ്‌ ജീവനക്കാരെങ്കിലും, ഇപ്പോഴും പേരിനെങ്കിലും അവര്‍ രാഷ്ട്രീയക്കാരല്ല എന്നു പറയാന്‍ പറ്റും. എന്നാല്‍ ശ്രീമതി സീമയുടെ കാര്യം അങ്ങിനെയല്ല. സര്‍വീസ്‌ റൂളുകളുടെ നഗ്നമായ ലംഘനമാണ്‌ അവര്‍ നടത്തിയിരിക്കുന്നത്‌!വര്‍ഷങ്ങളായി പാര്‍ട്ടി മെംബര്‍ അല്ലാത്ത ഒരു വ്യക്തി എങ്ങനെയാണ്‌ സംസ്ഥാന കമ്മിറ്റിയില്‍ എത്തുക?

അവര്‍ നേരത്തേ തന്നെ പാര്‍ട്ടിപ്രവര്‍ത്തകയായിരുന്നെങ്കില്‍, കോളേജില്‍ ഉണ്ടായിട്ടുള്ള രാഷ്ട്രീയ പ്രശ്നങ്ങളില്‍ എന്തു നിലപാടാകും എടുത്തിരിക്കുക? പ്രത്യേകിച്ചും എസ്‌.എഫ്‌.ഐക്ക്‌ വ്യക്തമായ മുന്‍തൂക്കമുള്ള ഒരു കലാലയം എന്ന നിലയ്ക്ക്‌..?

ചോദ്യങ്ങള്‍ അവസാനിക്കുന്നില്ല...!!!!

ഗവണ്‍മന്റ്‌ ശമ്പളം നല്‍കുന്നുവെങ്കിലും ഗവ: ഉദ്യോഗസ്ഥരല്ല എന്ന തൊടുന്യായം ചൂണ്ടിക്കാട്ടി എയിഡഡ്‌ മേഖലയിലുള്ള ഒട്ടേറെ അദ്ധ്യാപകര്‍ സൈഡ്‌ ബിസിനസ്‌ ആയി രാഷ്ട്രീയം കളിക്കാന്‍ തുടങ്ങിയതാണ്‌ ഇവിടുത്തെ വിദ്യാഭ്യാസ രംഗം തകര്‍ന്നടിഞ്ഞതിനുള്ളപ്രധാന കാരണങ്ങളില്‍ ഒന്ന്!

ഇപ്പോഴിതാ ടി.എന്‍ സീമ വീണ്ടും ചരിത്രം കുറിക്കുകയാണ്‌. അവര്‍ക്ക്‌ സുഗമമായി രാഷ്ട്രീയം കളിക്കാനുള്ള സൌകര്യാര്‍ത്ഥം സര്‍വീസ്‌ റൂളുകള്‍ മാറ്റിയെഴുതുമോ എന്നതാണ്‌ ഇനി കാണേണ്ട കാര്യം!

അല്ലെങ്കിലും 'മാറ്റുവിന്‍ ചട്ടങ്ങളെ' എന്നാണല്ലോ പണ്ടേ കവി പറഞ്ഞു വച്ചിരിക്കുന്നത്‌..!!

Friday, January 25, 2008

ഒരുച്ച പത്രത്തിന്റെ Bipolar Disorder!

മാധ്യമ ധര്‍മം നിര്‍വഹിക്കുന്നതില്‍ നിന്നും നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ എത്ര മാത്രം വ്യതിചലിക്കുന്നുവെന്നതിനെ പറ്റി ഏതാനും ദിവസങ്ങള്‍ക്കു മുമ്പ്‌ കുറിപ്പ്‌ പ്രസിദ്ധീകരിച്ചതേയുള്ളൂ. വീണ്ടും അതേ പറ്റി തന്നെ എഴുതേണ്ടി വരുന്നു.

ഒരു സ്ത്രീ അപമാനിക്കപ്പെടുന്ന സംഭവം പോലും വിപണനമൂല്യമുള്ള ഒന്നാക്കി മാറ്റിയ മാധ്യമ സദാചാരരാഹിത്യമായിരുന്നു കഴിഞ്ഞ കുറിപ്പിനാധാരമെങ്കില്‍, ഇക്കുറിയാകട്ടെ പ്രശ്നം അതിലും ഗുരുതരമാണ്‌.

ഇവിടെ കേരളത്തില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന 'ഫ്ലാഷ്‌' എന്ന മദ്ധ്യാഹ്ന ദിനപ്പത്രം സ്വയം അപഹസിക്കുന്നത്‌ അതിന്റെ നില്‍പാടില്ലായ്മ കൊണ്ടാണ്‌. 'ഫ്ലാഷി'ന്റെ നിലപാടില്ലായ്മ മറ്റൊരര്‍ത്ഥത്തില്‍ കേരളത്തിലെ ഏറ്റവും പഴക്കമേറിയ പത്രങ്ങളിലൊന്നായ 'കേരളകൌമുദി'യുടെ കൂടി നിലപാടില്ലായ്മ കൂടിയായി മാറുന്നു.
ജനുവരി 24-നു പുറത്തിറങ്ങിയ 'ഫ്ലാഷി'ന്റെ ഒന്നാം പുറത്തില്‍ പ്രധാന തലക്കെട്ട്‌' ഭൂമി വിവാദം മൂലം HDIL സൈബര്‍ സിറ്റി പ്രോജക്റ്റില്‍ നിന്നും പിന്‍മാറുന്നു' എന്നതാണ്‌. അതിനു താഴെ അല്‍പ്പം ചെറുതായി HMT യുടെ ഭൂമിവില്‍പ്പനയിലെ തിരിമറി ആദ്യം പുറത്തു കൊണ്ടു വന്നതു 'ഫ്ലാഷ്‌' ആണെന്നതും തലക്കെട്ട്‌.

ഇനി നമ്മള്‍ പത്രം മറിക്കുന്നു.

പേജ്‌-3.
'എച്ച്‌.എംടി ഭൂമി ഇടപാട്‌- ആദ്യം പുറത്തു കൊണ്ടു വന്നത്‌ ഫ്ലാഷ്‌. ' - തലക്കെട്ട്‌.
റിപ്പോര്‍ട്ട്‌ തയാറാക്കിയത്‌ ഫ്ലാഷ്‌ ബ്യൂറോ.

2006 നവംബര്‍ 18-ന്റെ 'ഫ്ലാഷ്‌' ആണ്‌ ഈ വിവരം ആദ്യം പുറത്തു കൊണ്ടു വന്നത്‌ എന്നാണ്‌ ഈ വാര്‍ത്തയിലെ പ്രധാന അവകാശവാദം. ഇതിനു ബലമേകാനായി പ്രസ്തുത ദിവസത്തെ പത്ര വാര്‍ത്തയുടെ ഫോട്ടോ കോപ്പിയും നല്‍കിയിട്ടുണ്ട്‌. 'ഫ്ലാഷി'ന്റെ സാമൂഹിക പ്രതിബദ്ധതയിലും, അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലും രോമാഞ്ചമണിഞ്ഞ്‌ അടുത്ത താള്‍ നമ്മള്‍ മറിക്കുന്നു.

പേജ്‌- 5
'വിവാദങ്ങള്‍ക്കില്ല. 4000 കോടിയുടെ പദ്ധതിയില്‍ നിന്നും സൈബര്‍സിറ്റി പിന്‍മാറുന്നു.'- തലക്കെട്ട്‌

വാടയാര്‍ സുനില്‍ ആണ്‌ റിപ്പോര്‍ട്ട്‌ തയാറാക്കിയിരിക്കുന്നത്‌.

ഇക്കുറി പക്ഷെ, സ്വരത്തിനാകെ മാറ്റം!

പ്രമുഖ ഇംഗ്ലീഷ്‌ ദിനപ്പത്രങ്ങളില്‍ വന്ന ടെണ്ടര്‍ കണ്ട്‌ അപേക്ഷ സമര്‍പ്പിച്ച്‌ എച്ച്‌.എം.ടി യില്‍ നിന്നും നേരായ മാര്‍ഗത്തില്‍ ഭൂമി വാങ്ങിയ കമ്പനിയെ 'ചില മാധ്യമങ്ങള്‍' കരി തേക്കാന്‍ ശ്രമിക്കുന്നതായാണ്‌ ഇവിടെ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്‌. 'തൂടക്കത്തില്‍ തന്നെ സംസ്ഥാനത്തെ ഏറ്റവും വലിയ സ്വകാര്യ സംരഭം വിവാദക്കുരുക്കില്‍ പെട്ട്‌ പിന്‍-മ്മാറുന്നത്‌ നിക്ഷേപ രംഗത്ത്‌ സംസ്ഥാനത്തിന്റെ പ്രതിച്ഛായ മോശമാക്കുമെന്ന് "ധനകാര്യവൃത്തങ്ങള്‍" ചൂണ്ടിക്കാണിക്കുന്നു' എന്നു കൂടി പറഞ്ഞു വയ്ക്കുന്നുണ്ട്‌ ലേഖകന്‍!

സ്വാഭാവികമായും ഉയരുന്ന ചോദ്യമിതാണ്‌.
ആരുടെ കൂടെയാണ്‌ പത്രം?

'ഫ്ലാഷ്‌' ബ്യുറോ പറയുന്നതനുസരിച്ച്‌ വിവാദത്തിന്റെ പിതൃത്വം 'ഏഷ്യാനെറ്റി'നല്ല! 'ഫ്ലാഷ്‌' കണ്ടുപിടിച്ച കാര്യം ആവര്‍ത്തിക്കുകയാണ്‌ അവര്‍ ചെയ്തത്‌.അഞ്ചാം പേജിലെ റിപ്പോര്‍ട്ടനുസരിച്ച്‌ അവര്‍ HDIL-ന്റെ കൂടെയാണു താനും!

ഇനിയിപ്പോള്‍ 'കൌമുദി'യിലുമുണ്ടെന്നു വരുമോ ഉള്‍പ്പാര്‍ട്ടി (ഉള്‍പ്പത്ര?) ജനാധിപത്യം..?

മറ്റൊരു വിധത്തിലും ഇതു വ്യാഖ്യാനിക്കാം. വാര്‍ത്ത ആദ്യം കൊണ്ടു വന്നത്‌ 'ഫ്ലാഷ്‌' ആണ്‌. എന്നാല്‍ കേരളത്തില്‍ നിക്ഷേപ സാദ്ധ്യതയ്ക്കു കോട്ടം വരാതിരിക്കാന്‍ (ഭരണപക്ഷത്തിന്റെ ഇമേജിനു കേടു വരാതിരിക്കാനും),പിന്നീട്‌ ഈ കുംഭകോണ വാര്‍ത്ത അവര്‍ down play ചെയ്തു. പത്രം കാശു കൊടുത്ത്‌ വാങ്ങുന്ന ഇടത്തരക്കാര്‍ക്ക്‌ കേരളം മുഴുവനും തുലഞ്ഞാലും ഐടി. പാര്‍ക്കുകള്‍ വരണമെന്നാണാഗ്രഹം. അപ്പോള്‍ അഴിമതിയ്ക്കു പ്രസക്തിയില്ല. പക്ഷെ, ഇപ്പോള്‍ 'ഏഷ്യാനെറ്റ്‌' അതു വീണ്ടും കുത്തിപ്പൊക്കിയപ്പോള്‍ ക്രെഡിറ്റ്‌ വിട്ടുകൊടുക്കാനും മനസ്സു വരുന്നില്ല. അതിന്റെ ഫലമാണ്‌ ഈ ദ്വന്ദ്വവ്യക്തിത്വം..!

അടിക്കുറിപ്പ്‌: യഥാര്‍ത്ഥത്തില്‍ എച്ച്‌.എംടി.യ്ക്ക്‌ ഗവണ്‍മന്റ്‌ സൌജന്യമായി നല്‍കിയ ഭൂമി വില്‍ക്കാനുള്ള ചര്‍ച്ച നടക്കുമ്പോള്‍ തന്നെ 'മാധ്യമം' വാരിക ഇക്കാര്യം റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. ഭൂമി വിറ്റു തൊഴിലാളികള്‍ക്കു നല്‍കാനുള്ള ആനുകൂല്യങ്ങള്‍ നല്‍കുക എന്ന രീതിയില്‍ സി.ഐടി.യു വിന്റെ നേതൃത്വത്തില്‍ ഇതിലേക്ക്‌ തൊഴിലാളികളൂടെ പിന്തുണ നേടാന്‍ വേണ്ടി പ്രചാരണം നടക്കുന്ന കാര്യവും അവര്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു.

പക്ഷെ, മലയാളിക്കാവശ്യം വിവാദമാണല്ലോ..! അതിനാല്‍ ഭൂമി വില്‍പ്പന കഴിയുനതു വരെ മറ്റുള്ളവര്‍ കാത്തിരുന്നു എന്നതാണ്‌ സത്യം.

Sunday, January 13, 2008

മാധ്യമ ദുശ്ശാസനന്മാര്‍ തുണിയഴിക്കുമ്പോള്‍..!

ജനാധിപത്യത്തിന്റെ നാലാം തൂണായിട്ടാണ്‌ മാധ്യമങ്ങളെ വിശേഷിപ്പിച്ചു പോരുന്നത്‌. വളര്‍ന്നു വരുന്ന ഏതൊരു പൌരനും ചുറ്റുപാടുകളെക്കുറിച്ചറിയുന്നത്‌ മാധ്യമങ്ങളിലൂടെയാണ്‌ .അതിനാല്‍ , ഓരോ പൌരന്റെയും വ്യക്തിത്വ രൂപീകരണത്തില്‍ മാധ്യമങ്ങള്‍ ഉണ്ടാക്കുന്ന സ്വാധീനം ചില്ലറയൊന്നുമല്ല.

അതുകൊണ്ടു തന്നെ 'ഫോര്‍ത്ത്‌ എസ്റ്റേറ്റ്‌' എന്ന പ്രയോഗം നല്‍കുന്ന ബഹുമാന്യത നിലനിര്‍ത്തത്തക്ക രീതിയില്‍ പെരുമാറേണ്ടുന്ന ബാധ്യത നമ്മുടെ മുഖ്യധാരാമാധ്യമങ്ങള്‍ക്കുണ്ട്‌. പക്ഷെ, എത്രപേര്‍ അതു ചെയ്യുന്നു എന്നതാണ്‌ പ്രധാന ചോദ്യം?

തീര്‍ച്ചയായും സത്യം ജനങ്ങളെ അറിയിക്കേണ്ടുന്ന ബാദ്ധ്യത മാധ്യമങ്ങള്‍ക്കുണ്ട്‌. എന്നു വച്ച്‌ എല്ലാ സത്യങ്ങളും അതിന്റെ എല്ലാ വിശദാംശങ്ങളോടും കാട്ടിയാല്‍ മാത്രമേ അതു വാര്‍ത്തയാകുന്നുള്ളോ?

ഇന്നു രാവിലെ,'ഹിന്ദു' ദിനപ്പത്രത്തില്‍ ഒരു വാര്‍ത്ത കണ്ണില്‍ പെടുന്നു. ആന്ധ്രാ പ്രദേശില്‍ ഒരു യുവതി തന്റെ കാമുകന്റെ സഹായത്തോടേ ഭര്‍ത്താവിനെ കൊലപ്പെുത്തി എന്നാരോപിച്ച്‌ നാട്ടുകാര്‍ ആ യുവതിയെ വസ്ത്രാക്ഷേപം ചെയ്യുകയും, കല്ലെറിയുകയും ചെയ്തു എന്നതാണ്‌ വാര്‍ത്ത!

തീര്‍ച്ചയായും ഈ വാര്‍ത്ത പ്രസിദ്ധീകരിക്കേണ്ട ഒന്നു തന്നെ.ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്നുമാണ്‌. ഇന്നത്തെ 'ഹിന്ദു' ദിനപ്പത്രത്തില്‍ വന്ന വാര്‍ത്തയാകക്കൊണ്ട്‌ സംഭവം നടന്നിരിക്കുക ഇന്നലെയാണ്‌ എന്നൂഹിക്കാം. മലയാള പത്രങ്ങളില്‍ ഒന്നും തന്നെ ഈ വാര്‍ത്ത കാണുന്നില്ല. ഇന്നലത്തെ ചാനല്‍ വാര്‍ത്തകളിലും ഈ സംഭവത്തെ പറ്റി കേട്ടതായി ഓര്‍ക്കുന്നില്ല.

ക്ഷമിക്കുക. മറ്റൊരു സംസ്ഥാനത്തെ വാര്‍ത്തയാതിനാലും രാഷ്ട്രീയ കക്ഷികള്‍ ആരും തന്നെ ഇടപെട്ടിട്ടുള്ള സംഭവം അല്ലാത്തതിനാലും നമ്മുടെ വാര്‍ത്താ മാധ്യമങ്ങള്‍ക്ക്‌ ഇതൊരു വാര്‍ത്തയായി തോന്നിയിരിക്കില്ലെന്നു കരുതാം!

അങ്ങനെയിരിക്കെയതാ, അച്ചടി മഷി പുരണ്ട്‌ കാലപ്പഴക്കമുള്ള ആ വാര്‍ത്ത ഇന്ത്യാ വിഷന്‍ ന്യൂസില്‍ വരുന്നു. നേരത്തെ പ്രാധാന്യമില്ലാതെ പോയ വാര്‍ത്തയ്ക്ക്‌ ഇപ്പോഴുണ്ടായ പ്രാധാന്യം?

പ്രാധാന്യം അതിന്റെ 'വിഷ്വല്‍സ്‌' ആണ്‌. വാര്‍ത്തയില്‍ പറഞ്ഞ യുവതിയുടെ വസ്ത്രാക്ഷേപത്തിന്റെയും, ഉപദ്രവമേല്‍പ്പിക്കുന്നതിന്റെയും ഏതോ പാപ്പരാസി ഒപ്പിയെടുത്ത 'ലൈവ്‌' ആയുള്ള ഫുട്ടേജ്‌!

കുടുംബസമേതം ഇരുന്നു കാണാന്‍ വേണ്ടി സ്വന്തം വീട്ടിലേക്ക്‌ എത്തിച്ചു തരുന്ന സമൂഹത്തിന്റെ 'നേര്‍ക്കാഴ്ച'!

ഇതുപോലൊരു കാഴ്ച പുതു വത്സരപ്പിറ്റേന്നും നമുക്കെത്തിച്ചു തരാന്‍ മാധ്യമങ്ങള്‍ മത്സരിച്ചു. രണ്ടു പെണ്‍കുട്ടികളെ എഴുപതോളം പേര്‍ ചേര്‍ന്നാക്രമിക്കുന്നതിന്റെ 'ലൈവ്‌' ആയ ദൃശ്യങ്ങള്‍.എഴുപതു പേര്‍ ആക്രമിച്ചതിലും നാണക്കേടാണ്‌ ആ സംഭവം ലോകരെ മുഴുവന്‍ കാണിക്കുമ്പോള്‍ അവര്‍ക്ക്‌ ഉണ്ടാക്കിക്കൊടുക്കുക എന്ന കാര്യം മാധ്യമങ്ങള്‍ ഓര്‍ത്തില്ല. അജ്ഞാതരായ ആ യുവതികളുടെയും കൂടെയുണ്ടായിരുന്നവരുടെയും അഡ്രസ്സ്‌ തപ്പാനും മാധ്യമങ്ങള്‍ മത്സരിച്ചു! എന്നാല്‍ അവരെ ഉപദ്രവിക്കുന്നവരുടെ അഡ്രസ്സ്‌ കണ്ടെത്താനൊന്നും ഈ ഉത്സാഹം കണ്ടില്ല. എന്തിനേറെ അവരില്‍ ആരെങ്കിലും അറസ്റ്റുചെയ്യപെട്ടോ എന്നതു പോലും ഇന്നു നമുക്കറിയില്ല.

കഴിഞ്ഞ ദിവസം രാവിലെ 'കേരള കൌമുദി' ദിനപ്പത്രത്തില്‍ അകത്തെ പേജില്‍ വന്ന ഒരു വാര്‍ത്തയാണ്‌ വിരോധമുള്ള അധ്യാപികയുടെ ചിത്രം മോര്‍ഫ്‌ ചെയ്ത്‌ ഇന്റര്‍നെറ്റില്‍ ഇട്ട സംഭവം. പ്രതികള്‍ സ്വാധീനം ഉപയോഗിച്ച്‌ രക്ഷപ്പെടാന്‍ ശ്രമിക്കുന്ന കാര്യവും പത്രത്തിലുണ്ട്‌.

അതേ വാര്‍ത്ത വീണ്ടും ചൂടാക്കി വള്ളിപുള്ളി വ്യത്യാസമില്ലാതെ വൈകുന്നേരത്തെ 'ഫ്ലാഷി'ല്‍ ഫ്രണ്ട്‌ പേജില്‍ ! തലക്കെട്ട്‌ ' അധ്യാപികയുടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍'!എങ്ങനെയുണ്ട്‌?

പക്ഷെ, ഇരയുടെ നേര്‍ക്ക്‌ കാണിക്കാത്ത ഔചിത്യബോധം പലപ്പോഴും വേട്ടക്കാരനു നേരെയുണ്ടാകുന്നുമുണ്ട്‌.

മുഖ്യപ്രതി ഒരു 'പ്രമുഖ' സിനിമാ നിര്‍മ്മാതാവിന്റെ മകനാണെന്നു പത്രം പറയുന്നു. എന്നാല്‍, നിര്‍മ്മാതാവിനാകട്ടെ, മകനാകട്ടെ 'പേരിനു' വേണ്ടി പോലും ഒരു പേരില്ല..!!!കിളിരൂര്‍, കവിയൂര്‍ കേസുകളിലും പത്രക്കാര്‍ 'ഭയങ്കര' ഔചിത്യ ബോധം കാണിച്ചുവെന്നു പറയാതെ വയ്യ! 'പ്രമുഖ' രാഷ്ട്രീയ നേതാവിനും മകനുമൊന്നും പേരില്ല!പണ്ടാരോ പറഞ്ഞതു പോലെ All are equal..! But, some are more equal..!!

ഏതായാലും തയ്യാറെടുക്കുക.!

നാളെ മക്കളും, സഹോദരിയുമൊക്കെയൊത്തു വാര്‍ത്ത കണ്ടുകൊണ്ടിരിക്കുമ്പോള്‍ വാര്‍ത്തയെന്ന പേരില്‍ ഒരു ബലാത്സംഗമോ, അരും കൊലപാതകമോ'ലൈവ്‌' ആയി കണ്ട്‌ ഞെട്ടാതെ 'ആസ്വദിക്കാന്‍' !

പുതിയകാലത്തെ മാധ്യമപ്രവര്‍ത്തനം വ്യത്യസ്തമായൊരു 'ആസ്വാദന ബോധം' നിങ്ങളില്‍ നിന്നും ആവശ്യപ്പെടുന്നുണ്ട്‌ കൂട്ടരെ..!

Tuesday, December 4, 2007

വിദ്യാഭ്യാസവും ഒരു ഡ്രാക്കുള..?

മറവിയുടെ ശവക്കോട്ടയിലെവിടുന്നോ ഡ്രാക്കുളയെ ഉയിര്‍പ്പിച്ച്‌ മുന്നില്‍ നിര്‍ത്തിയത്‌ മേതില്‍ രാധാകൃഷ്ണനാണ്‌.

'മൂന്നുവര'യില്‍(മാദ്ധ്യമം, ലക്കം 512)എഫ്‌തിമയു- ഗാന്ധി ടീമിന്റെ രക്ഷസുകളുടെ അസംഭവ്യത തെളിയിക്കുന്ന ഒരു ഗണിത ശാസ്ത്രപ്രശ്നത്തില്‍ നിന്നും മേതില്‍ രക്ഷസുകള്‍ക്കുണ്ടാകാമായിരുന്ന ഒരു ദുരന്തത്തിലേക്ക്‌ ചെന്നെത്തുന്നു.

ഒരു രക്ഷസ്സ്‌, ഒരു മനുഷ്യന്‍. രക്ഷസ്സ്‌ മനുഷ്യന്റെ ചോര കുടിക്കുമ്പോള്‍ മനുഷ്യന്‍ ഇല്ലാതാകുന്നു. പകരമുള്ളത്‌ രണ്ടു രക്ഷസ്സുകള്‍. അവര്‍ രണ്ടു പേരുടെ ചോരകുടിക്കുമ്പോള്‍ രക്ഷസ്സുകള്‍ നാല്‌! മാസത്തില്‍ ഒരൊറ്റ ദിവസം മാത്രമാണ്‌ ചോരകുടിക്കുന്നതെങ്കില്‍ പോലും രണ്ടു വര്‍ഷങ്ങള്‍ തികയുന്നതിനു മുമ്പ്‌ രക്ഷസുകള്‍ മനുഷ്യരേക്കാള്‍ കൂടുതലാകുന്ന ഒരവസ്ഥ വരും. രക്ഷസുകള്‍ക്ക്‌ ഭക്ഷണമില്ലാതാകുന്ന ഒരവസ്ഥ. മനുഷ്യരെ സ്വപദവിയിലേക്കുയര്‍ത്തുകയാല്‍ രക്ഷസ്സുകള്‍ക്ക്‌ ഇരകള്‍ ഇല്ലാതാകുന്ന ഒരു ദുരന്തം.

ഇതൊരു കാല്‍പ്പനിക പ്രശ്നം!

സമാനമായ ഒരു ദുരന്തം നമ്മളറിയാതെ നമ്മളെ ചൂഴുന്നുണ്ട്‌!

കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസം നല്‍കുന്നതിനു വേണ്ടിയുണ്ടായവയോ അതോ അദ്ധ്യാപ‍കര്‍ക്കു തൊഴില്‍ നല്‍കാന്‍ വേണ്ടി ഉണ്ടായവയോ? ഈ ചോദ്യത്തിന്റെ മറുപടിയില്‍ വിദ്യാഭ്യാസം ഒരു ഡ്രാക്കുളയാകുന്നു!

വിദ്യാസമ്പന്നന്‍ എന്നതിന്റെ അര്‍ത്ഥം , പഠിപ്പില്ലാത്തവന്‍ ചെയ്യുന്ന തൊഴിലുകള്‍ ചെയ്യാന്‍ തയാറല്ലാത്തവന്‍! കുറഞ്ഞ പക്ഷം കേരളത്തിലെങ്കിലും അതങ്ങനെയാണ്‌ ഇപ്പോള്‍!

വിദ്യാസമ്പന്നനായ അദ്ധ്യാപകന്‍ പഠിപ്പിച്ചു പുറത്തുവിടുന്ന വിദ്യാര്‍ത്ഥിയ്ക്കു തൊഴില്‍ നല്‍കാന്‍ വീണ്ടും വിദ്യാലയങ്ങള്‍ ഉണ്ടാകുന്നു. അവര്‍ പഠിപ്പിച്ചു വിടുന്നവര്‍ വീണ്ടും വിദ്യാലയങ്ങള്‍ ആരംഭിക്കുന്നു. വിദ്യാലയങ്ങള്‍ എന്നത്‌ തൊഴില്‍ ശാലകള്‍ ആയി മാറുന്നു.അതല്ലെങ്കില്‍ വ്യവസായ ശാലകള്‍.അങ്ങനെ കുറെക്കാലം കഴിഞ്ഞപ്പോള്‍ കുട്ടികളെ തോല്‍പ്പിക്കുകയും, അവര്‍ പഠനം നിര്‍ത്തുകയും ചെയ്താല്‍ അദ്ധ്യാപകനു ജോലി പോകും എന്ന നിലയില്‍ എത്തുന്നു. അപ്പോള്‍ തോല്‍പ്പിക്കല്‍ എന്ന പദ്ധതി തന്നെ എടുത്തു കളയുന്നു.റോളില്‍ പേരുണ്ടായാല്‍ മാത്രം മതി. പരീക്ഷ ജയിക്കും. ക്ലാസില്‍ പോലും വരേണ്ടതില്ല.

ഇപ്പോള്‍ നിലവിലുള്ള അവസ്ഥ.

ആരും തോല്‍ക്കാതെ, തോല്‍ക്കാതെ എല്ലവരും ജയിക്കുന്ന പരീക്ഷകള്‍ക്കൊടുവില്‍ കൃഷിയില്ലാതാകുന്നു. പണിയെടുക്കാന്‍ ആരും തയാറാകാതെ വരുന്നു. ഭൂമിയുടെ വില ഉയരുന്നതിനാല്‍ അതു വിറ്റ്‌ മൃഷ്ടാന്നം ഭുജിക്കുന്നു. അരിക്കും പാലിനുമൊക്കെ അന്യ സംസ്ഥാനത്തേക്കു നോക്കുന്നു.

എത്ര കാലം?

നാളെ തമിഴനും, തെലുങ്കനുമൊക്കെ സാക്ഷരത നേടുന്ന ഒരവസരത്തില്‍ അവരും ചിന്തിക്കുക ഇതു പോലൊക്കെ തന്നെയാകും!

കമ്പ്യൂട്ടര്‍ ഉപയോഗിച്ച്‌ അരിയും പാലും ഡൌണ്‍ ലോഡു ചെയ്യാന്‍ പറ്റുന്ന കാലത്തെപറ്റി ആരും എഴുതിക്കണ്ടില്ല. ഇതുവരെ.

അങ്ങനെയെങ്കില്‍ ഈ ഡ്രാക്കുളയെ നശിപ്പിക്കാന്‍ ഒരു വാന്‍ ഹെല്‍സിംഗിനെ നമുക്കാവശ്യമുണ്ട്‌.

Thursday, November 15, 2007

ആണവ കരാര്‍ ! ആര്‍ക്കാണു പേടി?

ഏതാനും മാസങ്ങളായി നമ്മുടെ മാദ്ധ്യമങ്ങള്‍ ആഘോഷിച്ചു കൊണ്ടിരിക്കുന്ന ഒരു പൊറാട്ടു നാടകമാണ്‌ അമേരിക്കയുമായുള്ള ആണവ കരാറും, 'സാമ്രാജ്യത്വത്തി'നു മുന്നില്‍ അടിയറവു പറയുന്ന മന്‍മോഹന്‍ സിംഗിനെതിരെയുള്ള ഇടതു പക്ഷത്തിന്റെ ഉമ്മാക്കി കാണിക്കലും!

അദൃശ്യന്‍ ആണവ നിലയങ്ങള്‍ക്ക്‌ വേണ്ടി വാദിക്കുന്ന വ്യക്തിയല്ല. മറിച്ച്‌ ആണവ നിലയങ്ങള്‍ ഇന്ത്യ പോലെ ജനസാന്ദ്രത വളരെ കൂടിയ ഒരു പ്രദേശത്തിന്‌ ഒട്ടും തന്നെ അനുയോജ്യമല്ല എന്നു വിശ്വസിക്കുന്ന ആളാണു താനും.

പക്ഷെ ചില സാഹചര്യങ്ങള്‍ ഉണ്ട്‌-നമുക്ക്‌ ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്യേണ്ടി വരുന്ന സാഹചര്യങ്ങള്‍!

ഉദാഹരണമായി, നിങ്ങളുടെ കാലിലെ അസ്ഥിയില്‍ പ്രമേഹം മൂത്ത്‌ പഴുപ്പ്‌ കയറി എന്നിരിക്കട്ടെ. നിങ്ങള്‍ ആഗ്രഹിക്കുന്നില്ല എങ്കില്‍ കൂടി കാല്‍ മുറിച്ചു കളയുക എന്നതാണ്‌ അത്തരമൊരവസരത്തിലുള്ള ഒരേയൊരു പോംവഴി.

അങ്ങിനെ കാല്‍ മുറിക്കുന്നത്‌ ഒഴിവാക്കണമായിരുന്നെങ്കില്‍ പ്രമേഹം വരാതെ നോക്കുകയായിരുന്നു നിങ്ങള്‍ ചെയ്യേണ്ടിയിരുന്നത്‌. യോജിക്കുന്നുവോ?

ഒരേ ദിവസത്തെ പത്രത്തില്‍ നമ്മള്‍ മൂന്നു വാര്‍ത്തകള്‍ കാണുന്നു. ഒന്ന്‌ സ്മാര്‍ട്ട്‌ സിറ്റിയ്ക്ക്‌ തറക്കല്ലിടുന്നതിന്‌ ഒരുക്കങ്ങള്‍ തീര്‍ന്ന വാര്‍ത്ത. മറ്റേത്‌ നന്ദിഗ്രാമില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നമ്പര്‍ പ്ലേറ്റില്ലാത്ത്‌ ബൈക്കുകളില്‍ നന്ദി ഗ്രാമിലെ ജനങ്ങളെ ടാറ്റാ മുതലാളിയ്ക്കു വേണ്ടി ഒഴിപ്പിക്കാന്‍ ആയുധവുമായി പര്യടനം നടത്തുന്ന ഫോട്ടോ സഹിതമുള്ള വാര്‍ത്ത. മൂന്നാമത്തേത്‌ പതിവിന്‍ പടി ആണവ കരാറിനു നേരെയുള്ള ഉമ്മാക്കി!

ഇനി പത്രങ്ങളില്‍ വരാത്തൊരു വാര്‍ത്തയുണ്ട്‌. തിരുവനന്തപുരത്തിനു ചുറ്റുമുള്ള പ്രദേശങ്ങളില്‍ രാത്രി കാലത്ത്‌ കുറച്ചു ദിവസങ്ങളായി ഉണ്ടാകുന്ന 'മിന്നല്‍ പവര്‍ കട്ട്‌'.പത്തു മിനിട്ടു മുതല്‍ അര മണിക്കൂര്‍ വരെ ഇതു നീളാം. ഇലക്ട്രിസിറ്റി ബോര്‍ഡില്‍ വിളിച്ചു ചോദിക്കുമ്പോള്‍ അവര്‍ മറുപടി പറയും പീക്ക്‌ ലോഡ്‌ അധികമായതിനാല്‍ അഡ്ജസ്റ്റു ചെയ്യുന്നതാണത്രെ! അതായത്‌ തിരോന്തരം ഇത്ര വികസിച്ചപ്പോള്‍ തന്നെ നമുക്കു കൊടുക്കാന്‍ പവര്‍ ഇല്ല. ഇനിയുമങ്ങോട്ട്‌ വികസിക്കാന്‍ പോവുകയാണ്‌ സിറ്റി. അവിടങ്ങളില്‍ ലക്ഷുറി അപാര്‍ട്ട്മെന്റുകള്‍ സെന്‍ട്രല്‍ എയര്‍ കണ്ടിഷണറോട്‌ കൂടി ഉയരുമ്പോള്‍ നേരത്തെ പറഞ്ഞ സാധനം - പീക്ക്‌ ലോഡ്‌ - വീണ്ടും കൂടും. എവിടുന്ന് കൊണ്ട്‌ കൊടുക്കും പവര്‍? കേന്ദ്രത്തിലോട്ട്‌ അണ്ണാക്കും പൊളിച്ചു നോക്കിയിരുന്നാല്‍ കിട്ടില്ല. കേരളത്തില്‍ ഉയരുന്ന സ്മാര്‍ട്ട്‌ സിറ്റി 242 ഏക്കറില്‍ ആണെങ്കില്‍ അതിന്റെ അപ്പനെന്നു പറയാവുന്ന പത്തിരട്ടി വലിപ്പമുള്ള സ്മാര്‍ട്ടന്മാര്‍ തമിഴ്‌ നാട്ടിലും, ഹുസൂരിലും, ഹൈദ്രാബാദിലും എന്തിന്‌ ബംഗാളില്‍ പോലും ഉയരുന്നുണ്ട്‌.അവര്‍ക്കും വേണം പവര്‍. അതുകൊണ്ട്‌ അങ്ങോട്ട്‌ നോക്കണ്ട.

പിന്നൊരു പണിയുണ്ട്‌ . ആന്ധ്രാ പ്രദേശിന്റെ പഴയൊരു സി.ഇ. ഓ കണ്ടുപിടിച്ചൊരു വിദ്യ. ചന്ദ്രബാബു അണ്ണനു വികസന ജ്വരം മൂക്കുകയും, മാദ്ധ്യമങ്ങള്‍ അണ്ണനെ ഒരു സംഭവമാക്കുകയും ചെയ്തപ്പോള്‍ അണ്ണന്‍ വികസനങ്ങള്‍ അങ്ങ്‌ വാരിക്കോരി നടത്തി. അവസാനം വേനല്‍ക്കാലത്ത്‌ കറണ്ടില്ലാതെ വന്നപ്പോള്‍ വികസനത്തെ ബാധിക്കാതിരിക്കാന്‍ സാധാരണക്കാരന്റെ പവര്‍ അങ്ങ്‌ കട്ടു ചെയ്തു. ഒന്നും രണ്ടുമല്ല, പകല്‍ മൂന്നു മണിക്കൂര്‍ വരെയായിരുന്നു കട്ട്‌. നാല്‍പ്പത്തഞ്ചു ഡിഗ്രി ചൂടില്‍ രാമഗുണ്ടത്തും ഗുണ്ടുരിലും ഫാന്‍ പോലുമിടാനാവാതെ ജനം നരകിച്ചു. വികസനത്തിനു വേണ്ടി ഇതൊക്കെ സഹിച്ച ജനം സി.ഇ.ഓ യെ പറഞ്ഞയച്ചു. പകരം വന്ന പുള്ളി അങ്ങനെ സംഭവിക്കാതിരിക്കാന്‍ മാതൃ സംഘടനയായ കോണ്‍ഗ്രസ്സിന്റെ ഔദാര്യത്തില്‍ കൂടുതല്‍ പവര്‍ നേടിയെടുത്തു.

ഫലം? കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ വിഹിതം കൂറഞ്ഞു.ഇങ്ങനെ അധിക കാലം പോകാനാവില്ലെന്ന്‌ സര്‍ദാര്‍ജിയാണെങ്കിലും മനോമോഹനനു നന്നായറിയാം.ഏസീ മുറീലിരുന്ന് വിപ്ലവം ഛര്‍ദ്ദിക്കുന്ന വിപ്ലവ വായാടികള്‍ക്കുമറിയാം. പള്ളിലച്ചന്‍ തലേല്‍ വെള്ളമിറ്റിച്ചാല്‍ മാത്രമേ കൃസ്ത്യാനിപ്പെണ്ണ്‍ പെറ്റ കൊച്ച്‌ കൃസ്ത്യാനിയാവൂ എന്നതു പോലെ,വിപ്ലവ വാചകങ്ങളില്‍ മമ്മോദീസ മുക്കിയാല്‍ മാത്രമേ ആണവ കരാറും ശുദ്ധീകരിക്കപ്പെടൂ..!പ്രീ ഡിഗ്രീ ബോര്‍ഡിലും,ലോക ബാങ്കു വായ്പയിലും, SEZന്റെ കാര്യത്തിലും, സ്വാശ്രയ പ്രശനത്തിലുമൊക്കെ കണ്ടതാണത്‌. പഴിയെല്ലാം മാറ്റാന്റെ ചുമലില്‍ വച്ചു കെട്ടി നേട്ടം കീശായിലാക്കുന്ന ചാതുര്യം!!

ഒന്നുകില്‍ ഗാന്ധിജി പറയുന്നതു പോലെ ലളിത ജീവിതം നയിച്ച് മുന്നോട്ടു പോകാന്‍ ജനങ്ങളെ പഠിപ്പിക്കുക.കൂടുതല്‍ വികസനമൊന്നും വേണ്ടെന്നു വയ്കുക. അതു നടപ്പിലാക്കാന്‍ പറ്റുമെന്നു തോന്നുന്നില്ല. ഈ വികസനം എന്നു പറയുന്ന സംഗതിയിലാണല്ലോ വല്ലതും തടയുന്നത്!

അതുകൊണ്ട് ഒരഭ്യര്‍ത്ഥനയുണ്ട്‌. സ്മാര്‍ട്ട്‌ സിറ്റിയും, ടെക്നോസിറ്റിയുമൊക്കെ വരുന്നതിനു മുമ്പേ ഈ നാടകങ്ങള്‍ തീര്‍ത്ത്‌ കിട്ടുന്ന കമ്മിഷന്‍ വീതം വച്ചെടുക്കുക!

ഓരങ്ങളില്‍ പെട്ടുപോകുന്ന ഞങ്ങളെപ്പോലുള്ളവര്‍ക്ക്‌ ഇരുട്ടത്തിരിക്കാന്‍ മേല..!വെള്ളവും വെളിച്ചവുമില്ലാതെ നരകിച്ച് ചാവുന്നതിലും ഞങ്ങള്‍ക്കിഷ്ടം ഒരാണവദുരന്തത്തിലങ്ങൊടുങ്ങുന്നതാ.!

പിന്നെ ബുഷിന്റെ സാമ്രാജ്യത്ത്വം.! ബുഷ്‌ ചെയ്യുന്ന അതിക്രമങ്ങളെ അയാളുടെ അധികാരം കൊണ്ട്‌ ഹരിക്കുക. സഖാക്കളുടെ അതിക്രമങ്ങളെ അവര്‍ക്കുള്ള അധികാരം കൊണ്ടും ഹരിച്ചു നോക്കുക. ചെറിയ സംഖ്യ കിട്ടുന്നയാളിന്റെ കൂടെ കൂടുക.

ആര്‍ക്കു ജയ്‌ വിളിക്കണം?

ഒന്നുമല്ലെങ്കിലും ബുഷ്‌ സ്വന്തം രാജ്യത്തെ ജനങ്ങളുടെ മേലെങ്കിലും അതിക്രമങ്ങള്‍ കാട്ടുന്നില്ല.